കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ്; പോലീസിന് താക്കീതായി കോഴിക്കോട് പ്രതിഷേധ റാലി

Jaihind Webdesk
Thursday, January 4, 2024

 

കോഴിക്കോട്: കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട് ഡിസിസി. പ്രവർത്തകരെ കള്ളക്കേസിൽ പെടുത്തുന്നതിനെതിരെ അത്തോളിയിൽ കോൺഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇനിയും കളളക്കേസെടുക്കാനാണ് പോലീസിന്‍റെ ഭാവമെങ്കിൽ കേസെടുക്കുന്ന പോലീസുകാരുടെ വീട് കോൺഗ്രസ് ഉപരോധിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.

പ്രവർത്തകർക്ക് നേരെ കള്ളക്കേസ് എടുക്കുന്ന പോലീസ് നടപടിക്കെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അത്തോളിയിൽ പ്രതിഷേധ റാലി നടത്തി. റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ട ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറി ലിനീഷ് കുന്നത്തറയുടെ അമ്മ, അറസ്റ്റ് വാർത്തയറിഞ്ഞ് മനംനൊന്ത് ആശുപത്രിയിൽ മരിച്ചിരുന്നു. അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് താരീഖ് അത്തോളിയേയും അങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ലിനീഷിന്‍റെ അമ്മയുടെ മരണത്തിന് ഉത്തരവാദി പോലീസ് ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

പ്രതിഷേധ റാലി ഡി സിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, എൻഎസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത് എന്നിവർ സംസാരിച്ചു. ബാലുശേരി, നടുവണ്ണൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ അത്തോളി പെട്രോൾ പമ്പിനടുത്ത് നിന്നാരംഭിച്ച റാലിക്ക് എം.കെ. രാഘവൻ എംപി ഉള്‍പ്പെടെയുള്ളവർ നേതൃത്വം നൽകി.