എംഎല്‍എമാർക്കെതിരെ വ്യാജ ആരോപണം, കേസ്; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, March 29, 2023

 

തിരുവനന്തപുരം: നിയമ സഭ സാമാജികർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് വാച്ച് ആന്‍ഡ് വാർഡിനെതിരെയും മ്യൂസിയം എസ്ഐക്കെതിരെയും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി രമേശ് ചെന്നിത്തല. അഡീഷണല്‍ ചീഫ് മാർഷൽ, വനിതാ വാച്ച് ആന്‍ഡ് വാർഡ് എന്നിവർക്കെതിരെ നിയമസഭാ സാമാജികർ കൈയൊടിച്ചെന്ന് ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയതിനും മ്യൂസിയം എസ്ഐക്കെതിരെ സ്പീക്കറുടെ അനുമതിയില്ലാതെ വ്യാജ പരാതിയിൽ കേസെടുത്ത് സാമാജികരെ പൊതുജനമധ്യത്തിൽ അപമാനിച്ചതിനുമാണ് അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 154 പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജിജുകുമാര്‍ പിഡി, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, വനിതാ സാര്‍ജന്‍റ് അസിസ്റ്റന്‍റ് ഷീന എന്നിവര്‍ക്കെതിരെയാണ് അവകാശലംഘനപ്രശ്‌നം ഉന്നയിച്ച് രമേശ് ചെന്നിത്തല സ്പീക്കർക്ക് നോട്ടീസ് നല്‍കിയത്. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച യുഡിഎഫ് എംഎല്‍എമാരെ യാതൊരു പ്രകോപനവും കൂടാതെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്‍റെ നേതൃത്വത്തില്‍ വാച്ച് ആന്‍ഡ് വാർഡ് അംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയില്‍പ്പെട്ട രണ്ട് അംഗങ്ങള്‍ കൂടി ഉൾപ്പെട്ട ഈ അതിക്രമത്തില്‍ പ്രതിപക്ഷ എംഎൽഎമാരായ
സനീഷ്‌കുമാര്‍ ജോസഫിനും കെ.കെ രമയ്ക്കും പരിക്ക് പറ്റുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അംഗങ്ങള്‍ക്ക് പരിക്കുപറ്റി എന്ന് മനസ്സിലായതോടെ അതിനെ പ്രതിരോധിക്കുന്നതിനായി അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈനും സാര്‍ജന്‍റ് അസിസ്റ്റന്‍റ് ഷീനയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകുകയായിരുന്നു. ഇതിൽ ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തു.

ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാലാണ് അംഗങ്ങള്‍ക്ക് എതിരെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. എന്നാല്‍ ഷീനയുടെ കൈക്ക് പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് തുടർ വൈദ്യപരിശോധനയിൽ വ്യക്തമായിരു ന്നു. വ്യാജപരാതി നല്‍കിയതിലൂടെ 7 അംഗങ്ങളെ പൊതുജനമധ്യത്തില്‍ അവഹേളനപാത്രമാക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവര്‍ അക്രമകാരികളാണെന്ന രീതിയില്‍ വ്യാപകപ്രചാരണം ഉണ്ടാകുന്നതിനും ഇടയായതായി രമേശ് ചെന്നിത്തല നോട്ടീസിൽ ചൂണ്ടിക്കാട്ടി. സാമാജികര്‍ക്ക് സമൂഹത്തിലുള്ള യശസിനും പ്രതിച്ഛായയ്ക്കും കോട്ടം വരുത്തണം എന്ന ഉദ്ദേശ്യത്തോടെ വ്യാജ പരാതി നൽകുകയായിരുന്നെന്നും നിയമസഭയുടെ പരിസരത്ത് നടന്ന വിഷയം ആയിട്ടും മ്യൂസിയം എസ്.ഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് സ്പീക്കറുടെ അനുമതി തേടിയിട്ടില്ലെന്നും നോട്ടീ സിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.