മരിച്ചുപോയ സിപിഎം നേതാവ് കുഞ്ഞനന്തനും വോട്ട് ; ഉദ്യോഗസ്ഥതലത്തിലെ ഒത്തുകളി പുറത്ത്

Jaihind Webdesk
Thursday, April 1, 2021

 

കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേരും വോട്ടർ പട്ടികയിൽ. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എഴുപത്തി അഞ്ചാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് പേരുള്ളത്. പി കെ കുഞ്ഞനന്തൻ്റ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ ആൾക്ക് ഫീൽഡ് വെരിഫിക്കേഷനിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ മറുപടി നൽകിയത്. കണ്ണൂർ കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്‍റെ പേര് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇങ്ങനെ നിരവധി ആളുകളുടെ പേരുകളാണ് സി.പി.എം വോട്ടര്‍പ്പട്ടികയില്‍ ഉദ്യോഗസ്ഥ പിന്തുണയോടെ തിരുകിക്കയറ്റിയിട്ടുള്ളത്.

കൂത്തുപറമ്പിലെ എഴുപത്തിയഞ്ചാം നമ്പർ ബൂത്തിലാണ് കുഞ്ഞനന്തന്‍റെ പേരുളളത്. എഴുന്നൂറ്റിഅറുപത്തിരണ്ടാം നമ്പര്‍ വോട്ടറായാണ് പേരുള്ളത്. മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്ന് നിയമമുണ്ട്. ഈ നിയമം നിലനില്‍ക്കെ, കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതോടെ  എല്‍ഡിഎഫിന്‍റെ കള്ളക്കളികളെല്ലാം പുറത്തുവരികയാണ്. ഓൺലൈന്‍ വെബ്സൈറ്റ് വഴി വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇതിനെതിരെ ഇടതുപക്ഷ നേതാക്കള്‍ രംഗത്തു വരുന്നുണ്ട്. വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ തിരുത്തപ്പെടുമ്പോള്‍ തെരെഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാകുമെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ഇടതു നേതാക്കള്‍ ക്രമക്കേട് പുറത്തു വിട്ടതിനെ വിമർശിക്കുന്നത്. പട്ടികയിലെ പിഴവുകള്‍ പരിശോധിക്കാനോ ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യാനോ മരിച്ചവരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനോ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എം എന്തുകൊണ്ട് മുതിരുന്നില്ല എന്ന  ചോദ്യമാണ്  ഉയരുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ തടയണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ്  കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.