സംസ്ഥാനത്ത് വ്യാജ ബിരുദങ്ങളും കടലാസ് യൂണിവേഴ്സിറ്റികളും പെരുകുന്നു; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

Jaihind Webdesk
Friday, May 31, 2019

സംസ്ഥാനത്ത് വ്യാജ ഡിലിറ്റ്, പി. എച്ച്.ഡി ബിരുദങ്ങൾ, കടലാസ് യൂണിവേഴ്സിറ്റികൾ എന്നിവ പെരുകുന്നതായി റിപ്പോർട്ട്. അധ്യാപകർ, സാമൂഹിക പ്രവർത്തകർ, കലാകാരൻമാർ തുടങ്ങിയവരാണ് ഇത്തരം വ്യാജ ബിരുദങ്ങൾ നേടിയവരിൽ അധികവും. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കേരള ഗവേഷക കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്ത് വ്യാപകമായി ചില വിദേശ, സ്വദേശ വ്യാജ സർവകലാശാലകളിൽ നിന്നും ഹോണററി DLit , Phd ബിരുദങ്ങൾ പണം കൊടുത്ത് സ്വന്തമാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർ എന്ന ടൈറ്റിൽ ഉപയോഗിച്ച് മനോരോഗ ചികിത്സ, കൗൺസിലിംഗ് തുടങ്ങിയവ നടത്തുകയും, വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ഇക്കൂട്ടർ നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്താനായി. കിംഗ്സ് യൂണിവേഴ്സിറ്റി, ഇന്ത്യൻ വെർച്ച്വൽ യൂണിവേഴ്സിറ്റി, ഇന്‍റർനാഷണൽ പീസ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി വ്യാജ യൂണിവേഴ്സിറ്റികളിൽ നിന്നുമാണ് പ്രശസ്തി മോഹികൾ വ്യാജ Phd, DLit ബിരുദങ്ങൾ കരസ്ഥമാക്കുന്നതെന്ന് കേരള ഗവേഷക കൂട്ടായ്മ പറയുന്നു.

25,000 മുതൽ 5 ലക്ഷം രൂപവരെ നൽകിയാണ് വ്യാജ DLit ബിരുദങ്ങൾ  ഇക്കൂട്ടർ സ്വന്തമാക്കുന്നത്. DLit ന്‍റെ വിശ്വാസ്യത നിലനിർത്താനായി പ്രശസ്ത വ്യക്തികൾക്കും കലാകാരൻമാർക്കും കാശില്ലാതെ സൗജന്യമായി DLit നൽകുന്നതും പതിവായിരിക്കുന്നു. കോഴിക്കോട് ഒരു പഞ്ചായത്തിൽ 20 പേർക്ക് ഇത്തരത്തിൽ വ്യാജ ഡിലിറ്റ് ലഭിച്ചുവെന്നാണ് ഗവേഷക കൂട്ടായ്മയുടെ കണ്ടെത്തൽ. നിയമസഭയിൽ ഷാഫി പറമ്പിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.