കെപിസിസി പ്രസിഡന്‍റിനെതിരായ വ്യാജവാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ചാനല്‍; ലോക്സഭയെ അറിയിച്ച് കേന്ദ്ര സർക്കാർ

Jaihind Webdesk
Wednesday, July 27, 2022

 

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. മാപ്പ് രേഖപ്പെടുത്തി രണ്ടുദിവസം ചാനലില്‍ സ്‌ക്രോള്‍ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രേഖാമൂലം ലോക്സഭയെ അറിയിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി ലഭിച്ച പരാതികള്‍ പരിശോധിക്കുകയും 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്(റെഗുലേഷന്‍) ആക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയതെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.

വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ സുധാകരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. സഭ്യതയ്ക്ക് നിരക്കാത്ത മാധ്യമപ്രവര്‍ത്തനം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും അതിന്‍റെ എംഡിക്കുമെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഈ കേസുമായി മുന്നോട്ടുപോകുമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.