മോഹൻലാലിന്‍റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്ററെ സസ്​പെൻഡ് ചെയ്തു

 

കണ്ണൂർ: നടി കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാലിന്‍റെ പേരിൽ തെറ്റായ വിവരങ്ങളടങ്ങിയ അനുസ്മരണ കുറിപ്പ് നൽകിയതുമായി ബന്ധപ്പെട്ട് ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ എ.വി. അനിൽകുമാറിനെ സ്ഥാപനത്തിൽ നിന്ന് സസ്​പെൻഡ് ചെയ്തു. ദേശാഭിമാനി ഫീച്ചർ ​ഡെസ്കിന്‍റെ ചുമതല വഹിച്ചിരുന്ന അനിൽകുമാർ സ്വന്തമായി എഴുതിയ അനുസ്മരണ കുറിപ്പിന് മോഹൻലാലിന്‍റെ അനുമതിയില്ലാതെ അദ്ദേഹത്തിന്‍റെ പേര് വെച്ചതും അതിൽ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്മെന്‍റ് കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ.

ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിൽ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടിൽ മോഹൻലാൽ എന്ന പേരിൽ പ്രസിദ്ധീകരിച്ച അനുസ്മരണ കുറിപ്പാണ് വിവാദമായത്. മോഹൻലാലിന്‍റെ അമ്മ മരിച്ചതായാണ് ഇതിൽ സൂചിപ്പിച്ചത്. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ദേശാഭിമാനിക്കു നേരെ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പത്രാധിപർ ഖേദ പ്രകടനം പ്രസിദ്ധീകരിച്ചു.ഇഎംഎസിന്‍റെ ജീവചരിത്രം ഉൾപ്പെടെ എൺപതോളം പുസ്തകങ്ങൾ അനിൽകുമാർ രചിച്ചിട്ടുണ്ട്. ചിന്ത മാസികയുടെ ചുമതലയും വഹിച്ചിരുന്നു.

Comments (0)
Add Comment