ആലപ്പുഴ എസ് എഫ് ഐയിലും വ്യാജഡിഗ്രി വിവാദം; ബികോം ജയിക്കാതെ എംകോം പ്രവേശനം; രണ്ട് സര്‍വ്വകലാശാലയില്‍ ഒരേസമയം പഠനം; നടപടി

Jaihind Webdesk
Saturday, June 17, 2023

ആലപ്പുഴ: ആലപ്പുഴ എസ് എഫ് ഐയിലും വ്യാജഡിഗ്രി വിവാദം. ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖില്‍ തോമസിനെതിരെയായാണ് ആരോപണം. കായംകുളം എംഎസ്എം കോളേജില്‍ എം കോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പരാതി ഉയര്‍ന്നത്. വിവാദത്തെ തുടര്‍ന്ന് നിഖില്‍ തോമസിനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി.

എം കോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദമുണ്ടാകുന്നത്. കലിംഗ സര്‍വ്വകലാശാലയില്‍ നിന്നും നിഖില്‍ കരസ്ഥമാക്കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്നാണ് ആക്ഷേപം. ഇയാള്‍  കായംകുളം എം എസ്എം കോളേജില്‍ ബികോം ചെയ്തത് 2018- 2020 കാലഘട്ടത്തില്‍
എന്നാല്‍ ബികോം പാസായില്ല,  പിന്നീട് 2021 ല്‍ ഇതേ കോളജില്‍ എം കോമിന് ചേര്‍ന്നു. ഹാജരാക്കിയത് 2019 -2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്. ഇത് വ്യാജമെന്ന് സംഘടനയില്‍നിന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. ഒരേ കാലത്ത് എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്ന് ചോദ്യം.
2019 ല്‍ കായംകുളത്ത് യുയുസിയും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിക്ക് പരാതി നല്‍കിയത് ഡിഗ്രിയില്‍  നിഖിലിന്‍റെ  ജൂനിയറായിരുന്ന ജില്ലാ കമ്മിറ്റി അംഗംമാണ്. തുടര്‍ന്നാണ് കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് .സിപിഎം ജില്ലാ ഫ്രാക്ഷനില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയിലാണെന്ന് പറഞ്ഞ് ഹാജരാക്കിയില്ല. തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്. വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കും. നടപടി ഡിഗ്രി വിവാദങ്ങളെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് സിപിഎം ജില്ല സെക്രട്ടറി  ആര്‍.നാസറാണ് നടപടി എടുത്തത്.