KANNUR| വോട്ട് തള്ളാന്‍ ‘വ്യാജ പരാതി’; തില്ലങ്കേരിയില്‍ സിപിഎമ്മിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, October 19, 2025

കണ്ണൂര്‍ തില്ലങ്കേരിയില്‍ വ്യാജ പരാതിയിലൂടെ വോട്ട് തള്ളാന്‍ സിപിഎം ശ്രമം. തില്ലങ്കേരി പഞ്ചായത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചേര്‍ക്കേണ്ടതും തളേളണ്ടതുമായ അവസാന നാളുകളില്‍ വോട്ട് തള്ളാന്‍ വ്യാജ അപേക്ഷയുമായി സിപിഎം. യു ഡി എഫ് അനുഭാവികളുടെ വോട്ടാണ് വ്യാപകമായി തളളാന്‍ ശ്രമം.

തില്ലങ്കേരി പഞ്ചായത്തിലെ 3, 4, 5 ,10, 14 വാര്‍ഡുകളിലാണ് വോട്ട് നീക്കം ചെയ്യുന്നതിന് വ്യാപകമായി അപേക്ഷ നല്‍കിയിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരാണ് വ്യാപകമായി അപേക്ഷ നല്‍കിയത്. ഇതില്‍ നാലാം വാര്‍ഡില്‍ വോട്ട് തള്ളാനായി 37 ആക്ഷേപങ്ങളാണ് നല്‍കിയിട്ടുള്ളത്. സി. മോഹന്‍ കുമാര്‍ എന്ന വ്യക്തിയുടെ പേരില്‍ അദ്ദേഹം അറിയാതെ വ്യാജ പരാതി നല്‍കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റി മുന്നോട്ടുപോകുമെന്ന് മണ്ഡലം പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി പറഞ്ഞു. മുഴുവന്‍ പരാതികളും പുനപരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.