മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ വിശ്വാസികളുടെ പ്രവാഹം

Jaihind News Bureau
Monday, April 28, 2025

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ വിശ്വാസികളുടെ പ്രവാഹം. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിയവേ ശവകുടീരത്തിനരികില്‍ വിശ്വാസികളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

ജീവിതത്തിലുടനീളം ലാളിത്യം ഉയര്‍ത്തിപിടിച്ച ആ മഹാ മനുഷ്യന്റെ ശവകുടീരം കാണാന്‍ സാന്താ മരിയ മാഗിയോര്‍ ബസിലിക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. ഇത് ലോകം പ്രതീക്ഷിച്ചതുമാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്നലെ രാവിലെ നടന്ന പ്രത്യേക ദിവ്യബലിയില്‍ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്.
ജീവിതത്തിലുടനീളം നിലപാടുകള്‍ ഉറക്കെ പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരം ഒരു നോക്ക് കാണാന്‍ പലര്‍ക്കും നീണ്ട നിരയില്‍ അല്‍പ്പനേരമെങ്കിലും കാത്തുനില്‍ക്കേണ്ടി വന്നു. പൂര്‍വികരുടെ നാട്ടില്‍ നിന്നെത്തിച്ച മാര്‍ബിളില്‍ തീര്‍ത്ത കല്ലറയുടെ പുറത്ത് ഫ്രാന്‍സിസ് എന്ന പേര് മാത്രം അടയാളപ്പെടുത്തിയ ശവകുടീരത്തിനരികിലൂടെ നടന്ന് നീങ്ങുമ്പോള്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന് നന്ദിയര്‍പ്പിക്കുകയാണ് വിശ്വാസികള്‍.

ശനിയാഴ്ചയാണ് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഏറ്റവും ലളിതമായ രീതിയില്‍ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു. അത് അതേപടി സ്വീകരിച്ചു കൊണ്ടാണ് വത്തിക്കാന്‍ സംസ്കാര നടപടികള്‍ പൂര്‍ത്തിയാക്കിയതും. വരും ദിവസങ്ങളിലും പാപ്പയുടെ ശവകുടീരത്തിലേക്ക് ആളുകളുടെ വലിയ ഒഴുക്കുണ്ടാകും.