മസ്റ്ററിംഗില്‍ സംസ്ഥാന സർക്കാരിന് വീഴ്ച; കേന്ദ്ര റേഷൻ വിഹിതം കുറയുമെന്ന് ആശങ്ക

 

തിരുവനന്തപുരം: മസ്റ്ററിംഗ് പൂർത്തിയാക്കാനാകാത്തതിനാൽ സംസ്ഥാനത്തിനുള്ള കേന്ദ്ര റേഷൻ വിഹിതം കുറയുമെന്ന് ആശങ്ക ഉയരുന്നു. മസ്റ്ററിംഗിന് കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങുകയാണ് ഭക്ഷ്യവകുപ്പ്. കേന്ദ്രം നിർദേശിച്ച സമയപരിധിക്കുള്ളിൽ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നീക്കം.

സംസ്ഥാനത്തിന് അർഹമായ ഭക്ഷ്യധാന്യം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ സമീപകാലത്ത് മസ്റ്ററിംഗ് നിർബന്ധമാക്കിയിരുന്നു. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ നിർബന്ധമായും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇതിനായി മാർച്ച് 31 വരെയാണ് സമയം അനുവദിച്ചത്. നിലവിലെ സാഹചര്യത്തിൽ മാർച്ച് 31 നകം കേരളത്തിൽ മസ്റ്ററിംഗ് പൂർത്തിയാക്കാനാവില്ല എന്ന് ഉറപ്പായി കഴിഞ്ഞു. ഇ- പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിനുമുന്നിലെ പ്രധാന വെല്ലുവിളി. റേഷൻ വിതരണത്തിനൊപ്പം മസ്റ്ററിംഗും ഇ-പോസ് മെഷീൻ ഉപയോഗിച്ച് ഒരേസമയം നടത്താന്‍ കഴിയില്ല.

റേഷൻ വിതരണം നിർത്തി വെച്ചിട്ട് പോലും മസ്റ്ററിംഗ് നടത്താനാകാത്ത സ്ഥിതിവിശേഷമാണ് കേരളത്തിൽ ഉണ്ടായത്. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനുള്ള ചില നീക്കങ്ങൾ ആരംഭിച്ചെങ്കിലും അതൊന്നും ഉടൻ പ്രാവർത്തികമാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതോടെയാണ് മസ്റ്ററിംഗിന് കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഒരുകോടി അമ്പത്തിനാല് ലക്ഷത്തോളം ആളുകളാണ് ഇനി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. ഇരുപത്തിരണ്ട് ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കിയത്. എന്നാൽ കേന്ദ്രം ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. സെർവർ തകരാർ പരിഹരിക്കുന്നതിന് നടപടിയെടുക്കുന്നതിൽ സംസ്ഥാനം വരുത്തിയ വീഴ്ചയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന വിമർശനമാണ് ഉയരുന്നത്.

Comments (0)
Add Comment