‘തകര്‍ക്കാനാവാത്ത വിശ്വാസം’ : സ്ഫോടനങ്ങളില്‍ കുലുങ്ങാതെ നാഗമ്പടം പാലം; പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു

കോട്ടയം നാഗമ്പടം പാലം പൊളിക്കുന്നതിനുള്ള ശ്രമം താൽക്കാലികമായി ഉപേക്ഷിച്ചു. നിയന്ത്രിത സ്ഫോടന സംവിധാനം ഉപയോഗിച്ച് പാലം പൊളിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സംഭവത്തിൽ കളക്ടർ കരാറെടുത്ത കമ്പനിയോടും റെയിൽവേയോടും റിപ്പോർട്ട് തേടി.

രാവിലെ 9.15 ഓടെയാണ് പാലം പൊളിക്കുന്നതിനു ഉള്ള നടപടികൾ ആരംഭിച്ചത്. ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. 12 മണിയോടെ എം.സി റോഡിലെ വാഹന ഗതാഗതവും തടഞ്ഞു. നിയന്ത്രിത സ്ഫോടന സംവിധാനം ഉപയോഗിച്ച് പന്ത്രണ്ടരയോടെ പാലം പൊളിക്കാൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടു.

തുടർന്ന് ആദ്യം മുതൽ സ്ഫോടക വസ്തുക്കൾ നിറച്ച് രണ്ടാമത്തെ ശ്രമം. പക്ഷേ അതും വിജയിച്ചില്ല. പാലത്തിന്‍റെ ഒരു ഭാഗത്തിന്  ചെറിയ കേടുപാട് സംഭവിച്ചതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ പാലം പൊളിച്ചു നീക്കുന്നതിനുള്ള ശ്രമം റെയിൽവേ താൽക്കാലികമായി ഉപേക്ഷിച്ചു. സംഭവത്തിൽ കരാറെടുത്ത കമ്പനിയോടും റെയിൽവേയോടും ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. വിദഗ്ധ പരിശോധനക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും.

Nagampadam-Bridge
Comments (0)
Add Comment