കൊച്ചി : പെരിയാറിലേക്കു വൻതോതിൽ മാലിന്യം ഒഴുക്കിവിട്ട് ജലമലിനീകരണം രൂക്ഷമാക്കുകയാണ് സമീപത്തെ ഫാക്ടറികൾ. ഇതോടെ പുഴയിൽ എണ്ണപ്പാട നിറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
പാതാളം റഗുലേറ്റർ ബ്രിഡ്ജിന്‍റെ ഷട്ടറുകൾ തുറന്നുവെച്ചതിനാൽ എണ്ണപ്പാട കായലിലേക്ക് ഒഴുകുകയാണ്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് മാലിന്യത്തിന്‍റെ ഒഴുക്ക് ആരംഭിച്ചത്. എടയാർ വ്യവസായ മേഖലയോടു ചേർന്ന് ബ്രിജിന്‍റെ മേൽത്തട്ടിൽ നിന്നാണ് മാലിന്യം ഒഴുകിയെത്തുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് സർവീലൻസ് സെന്‍ററിലെ ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ കമ്പനികളിൽ പരിശോധന നടത്താൻ അവർക്കായില്ല.
എടയാറ്റുചാൽ പാടശേഖരത്തിലെ കർഷകരെ സഹായിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച ജലസേചന കുഴൽ രാസമാലിന്യം ഒഴുക്കുന്നതിന്‍റെ പേരിൽ ഇറിഗേഷൻ വകുപ്പ് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് പെരിയാറിലേക്ക് നേരിട്ട് മാലിന്യം ഒഴുക്കിയത്. പെരിയാറിനും എടയാറ്റുചാൽ പാടശേഖരത്തിനും ഒരുപോലെ ഭീഷണിയായിരുന്നു ഈ കുഴൽ. വ്യവസായശാലകളിൽ നിന്നുള്ള മലിനജലം ഇതുവഴി പെരിയാറിലേക്കായിരുന്നു ഒഴുകിക്കൊണ്ടിരുന്നത്. വൈകാതെ നടപടി സ്വീകരിച്ചില്ലെങ്കിൽ പെരിയാർ ഗുരുതര അപകടാവസ്ഥയിലാവും.