അസത്യങ്ങളുടെ പെരുമഴയുമായി കേന്ദ്ര ബജറ്റ്: മുന്‍സര്‍ക്കാരുകളുടെ നേട്ടവും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത് മോദി

Jaihind Webdesk
Friday, February 1, 2019

Piyush-Goyal Budget-2019

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കേ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് വാഗ്ദാനപ്പെരുമഴയോടെയും അവകാശവാദങ്ങളോടെയും അവതരിപ്പിച്ച ബജറ്റില്‍ വസ്തുതാപരമായ പിശകുകളും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ധാരളമെന്ന് കണ്ടെത്തില്‍.
1.53 (15.3 ദശലക്ഷം) കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പണിതുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, ഇത് തെറ്റാണെന്നാണ് വസ്തുത. 2018 ഡിസംബര്‍ വരെ 3.65 ദശലക്ഷം വീടുകള്‍ മാത്രമാണ് പണിപൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 1.25 ദശലക്ഷം വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതിയിലും ബാക്കി 2.4 ദശലക്ഷം വീടുകള്‍ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി വഴിയുമാണ്. ഇങ്ങനെയാണ് വസ്തുതയെന്നിരിക്കെ അസത്യപ്രചാരണങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക പെരുപ്പിച്ച് കാണിക്കുകയാണ്.

143 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തുവെന്നാണ് ബജറ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ഇന്നുവരെ 32.3 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഇതുവഴി 50,000 കോടിരൂപ ലാഭമുണ്ടാക്കിയെന്ന അവകാശ വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
റെയില്‍വേയില്‍ ആള്‍രഹിത ലെവല്‍ക്രോസുകള്‍ പൂര്‍ണ്ണമായും മാറ്റിയെന്ന അവകാശവാദവും ഭാഗികമായി മാത്രമേ സത്യമാകുന്നുള്ളൂ. രാജ്യത്ത് ഇനിയും 28 ആളില്ലാ ലെവല്‍ക്രോസുകള്‍ മാറ്റാനുണ്ടെന്ന് ജനുവരി നാലിന് രാജ്യസഭയില്‍ വെച്ച രേഖകളില്‍ വ്യക്തമാണ്.