എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്

മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം .

കേരളസാഹിത്യ അക്കാദമി പ്രസിഡന്റ്  കെ സച്ചിദാനന്ദന്‍ ചെയര്‍മാനായ വിധിനിര്‍ണ്ണയസമിതിയില്‍,  പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരാണ് മറ്റ്  അംഗങ്ങള്‍.

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. കഥ, നോവൽ വിഭാഗങ്ങളിലായി മുപ്പത്തഞ്ചിലേറെ കൃതികൾ രചിച്ച സേതു എന്ന എ.സേതുമാധവന് ‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്നങ്ങൾ’ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, ചേക്കുട്ടി’ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു.

സാഹിത്യ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബുബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment