മുംബൈ : കർഷക സമരവുമായി ബന്ധപ്പെട്ട സച്ചിന്‍റെ ട്വീറ്റ് വിവാദത്തില്‍ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ. മറ്റ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നായിരുന്നു പവാറിന്‍റെ ഉപദേശം.
‘ഇന്ത്യൻ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതൊരു മേഖലയെക്കുറിച്ചും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഞാൻ സച്ചിനെ ഉപദേശിക്കുന്നു’– പവാർ പറഞ്ഞു. നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കർഷകരാണ് അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്നത്. അവരെ ഖലിസ്ഥാനികളോ ഭീകരരോ ആയി മുദ്രകുത്തുന്നത് ശരിയല്ലെന്നും പവാർ വ്യക്തമാക്കി.
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റിന് സച്ചിൻ നൽകിയ മറുപടിയാണ് വിവാദമായത്. കർഷക പ്രക്ഷോഭം പരാമർശിച്ച് ‘നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തത്’ എന്നായിരുന്നു റിയാനയുടെ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ഇതോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സച്ചിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു.
നേരത്തെ റിഹാനയുടെ ട്വീറ്റിനെ ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ച് ഏതാനും സെലിബ്രിറ്റി താരങ്ങളും രംഗത്തെത്തി. ഇതിന് പിന്നില്‍ കേന്ദ്ര സർക്കാരിന്‍റെ സ്വാധീനമുണ്ടെന്ന് ആരോപണം ഉയർന്നു. സച്ചിന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.