നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളും. പ്രതികൾ ദയഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച്ചക്കകം നിലപാട് അറിയിക്കാൻ ഡൽഹി പട്ട്യാല കോടതി നിർദ്ദേശം. പ്രതികൾക്കും അവരുടേതായ അവകാശമുണ്ടെന്ന് കോടതി. പാട്യാല കോടതിയിൽ കണ്ണീരോടെ നിർഭയയുടെ അമ്മ.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണം എന്ന ഹർജിയിലാണ് പാട്യാല കോടതി നടപടി. നിർഭയയുടെ മാതാപിതാക്കളാണ് ഹർജി നൽകിയത്.
പ്രതികൾക്കും അവരുടേതായ അവകാശങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് പ്രതികൾ ദയഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച്ചക്കകം നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്. എല്ലാ നിയമ പരിഹാരവും അവസാനിച്ച ശേഷം മാത്രമേ ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കാവു എന്ന് പ്രതികളുടെ അഭിഭാഷാകൻ കോടതിയെ അറിയിച്ചു. ഞങ്ങളുടെ അവകാശത്തെ കുറിച്ച് കൂടി പറയൂവെന്ന് നിർഭയയുടെ അമ്മ കോടതിയിൽ ആവശ്യപ്പെട്ടു. നിങ്ങളോട് അനുകമ്പയുള്ളതുകൊണ്ടാണ് ഹർജി പരിഗണിച്ചത് എന്ന് കോടതി അറിയിച്ചു. കേസ് വീണ്ടും ജനുവരി 7 ന് പരിഗണിക്കും.
എവിടെ ഞങ്ങൾ പോയാലും പ്രതിയുടെ അവകാശത്തെ പറ്റിയാണ് പറയുന്നത് എന്ന് നിർഭയയുടെ അമ്മ പറഞ്ഞു. നേരത്തെ സുപ്രീംകോടതി കോടതി അക്ഷയ് കുമാർ സിങ്ങിന്റെ വധ ശിക്ഷ ശരിവച്ചിരുന്നു. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷ ആയ ബെഞ്ചിന്റെതായിരുന്നു നടപടി. കേസിൽ തിരുത്തൽ ഹർജി നൽകുമെന്ന് അക്ഷയ് കുമാർ സിങ്ങിന്റെ അഭിഭാഷകനും അറിയിച്ചു