കഞ്ചാവു കേസിലെ സജിചെറിയാന്‍ ഇഫക്ട് ; പ്രതിഭMLA യുടെ മകനെ അറസ്റ്റു ചെയ്തവരെ വിളിച്ചു വരുത്തി എക്‌സൈസ്

Jaihind News Bureau
Monday, February 24, 2025

പണി വരുന്നുണ്ടവറാച്ചാ എന്ന സിനിമാ ഡയലോഗ് അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗിക്കുകയാണ് എക്‌സൈസ് വകുപ്പ്. യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വട്ടം കറക്കാന്‍ തന്നെയാണ് ഉദ്ദേശ്യം. ഇതിനായി വകുപ്പിലെ സിപിഎം പക്ഷക്കാരും കാലു പിടിത്തക്കാരും ഒന്നിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ സെക്രട്ടറി പദം പോയിട്ട് കാലങ്ങളായെങ്കിലും ആ തഴമ്പു മാറാത്ത മന്തി സജി ചെറിയാന്റെ ഒത്ത പിന്തുണയും ഈ നടപടികള്‍ക്കുണ്ട്. മറ്റാര്‍ക്്കുമില്ലാത്ത പിന്തുണയും പരിഗണനയുമാണ് മന്ത്രിമാരുടേയും സിപിഎം നേതാക്കളുടേയും മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിണറായി ഭരണത്തില്‍ ലഭിക്കുന്നത്.

കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോടാണ് ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ഉത്തരവു നല്‍കിയിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴികളും ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോര്‍ട്ട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും.

യു പ്രതിഭ എംഎല്‍ എയുടേയും പിന്നാലെ സിപിഎമ്മിലെ ഒട്ടേറെ നേതാക്കളുടേയും കോപത്തിന് വിധേമായവരാണ് ഈ എക്‌സൈസ് ഉദ്യോഗസ്ഥര്‍. മകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കഞ്ചാവു കേസ് എടുത്തതിനാണ് ഇവര്‍ ഉദ്യോഗസ്ഥരെ പീഢിപ്പിച്ചു തുടങ്ങിയത്. മന്ത്രി സജി ചെറിയാന്‍ രൂക്ഷമായ ഭാഷയിലാണ് ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്നു പ്രസംഗിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കളും കുട്ടനാട് എക്‌സൈസിന്റെ പിടിയിലാവുന്നത്. ഇവരില്‍ നിന്ന കഞ്ചാവു കണ്ടെത്തിയിരുന്നു. വിവരം പുറത്ത് വന്നതോടെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തി. വ്യാജവാര്‍ത്തയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍ എയുടെ പ്രതികരണം. തുടര്‍ന്ന് എംഎല്‍എയുടെ വാദം തള്ളി എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തു വന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് എംഎല്‍ എയുടെ മകനായ കനിവ്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചു എന്നൊക്കെയാണ് എഫ്‌ഐആര്‍ പരാമര്‍ശം .  മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, ഇതു വലിക്കാന്‍ ഉപയോഗിക്കുന്ന ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.