തിരുവനന്തപുരത്ത് എക്സൈസുകാരെ കണ്ട് ഭയന്നോടിയ ആദിവാസി യുവാവ് മരിച്ച നിലയില്‍

Jaihind News Bureau
Tuesday, April 28, 2020
തിരുവനന്തപുരത്ത് എക്സൈസുകാരെ കണ്ട് ഭയന്നോടിയ ആദിവാസി യുവാവ് മരിച്ചു. പറണ്ടോട് മെത്തോട് ആദിവാസി ഊരിലെ കെ രാജേന്ദ്രൻ കാണിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം എക്സൈസ് റെയ്ഡിനെത്തിയപ്പോൾ ഭയന്നോടിയ ഇദ്ദേഹം പിന്നേട് തോട്ടിൽ മരിച്ച് കിടക്കുകയായിരുന്നു.
നെടുമങ്ങാട് തൊളിക്കോട് പഞ്ചായത്തിലെ മേത്തോട് ആനപ്പെട്ടിയിലുള്ള 51 വയസ്സുകാരനായ രാജേന്ദ്രനെ എക്സൈസ് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ചാരായ വാറ്റ് കേസുമായി ബന്ധപ്പെട്ട് ഓടിച്ചതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. പിന്നാലെ രാജേന്ദ്രനെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചിറങ്ങി. 2 മണിക്കൂറിന് ശേഷം രാജേന്ദ്രന്റെ മൃതദേഹം വീടിന് സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ നടന്ന ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തടഞ്ഞു വെച്ച് നാട്ടുകാർ പ്രതിഷേധിച്ചു. രാജേന്ദ്രന്റെ കുടുംബത്തിന് ആവശ്യമായ കാര്യങ്ങൾ അടിയന്തരമായി ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അതേസമയം സംഭവത്തിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ്  നാട്ടുകാരുടെ  തീരുമാനം.