അമേരിക്കക്കാര്‍ക്ക് മുന്‍ഗണന: ടെക്‌സാസില്‍ പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് നിയന്ത്രണം

Jaihind News Bureau
Wednesday, January 28, 2026

 

ടെക്‌സാസ്: എച്ച്-1ബി വിസ സംവിധാനത്തിലൂടെ നടക്കുന്ന നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെക്‌സാസ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഏജന്‍സികളിലും പൊതു സര്‍വ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് നിര്‍ദ്ദേശം നല്‍കി.

2027 മെയ് 31 വരെ പ്രാബല്യത്തിലുണ്ടാകുന്ന ഈ നിയന്ത്രണം അമേരിക്കന്‍ പൗരന്മാരായ തൊഴിലാളികളുടെ ജോലി അവസരങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഫെഡറല്‍ വിസ പദ്ധതിയുടെ ദുരുപയോഗം സംസ്ഥാനതലത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് നടപടി.

ടെക്‌സസിലെ സമ്പദ്വ്യവസ്ഥ സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഗുണകരമാകണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. യോഗ്യരായ അമേരിക്കന്‍ തൊഴിലാളികളെ കണ്ടെത്താന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്താതെയാണ് ചില സ്ഥാപനങ്ങള്‍ കുറഞ്ഞ വേതനത്തില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതെന്നും ചില കേസുകളില്‍ അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസക്കാരെ നിയമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ നിയമിച്ച മേധാവികളുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ടെക്‌സസ് വര്‍ക്കഫോഴ്സ് കമ്മീഷന്റെ എഴുത്തുപ്രകാരമുള്ള അനുമതിയില്ലാതെ പുതിയ എച്ച്-1ബി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. ഇതോടൊപ്പം നിര്‍ദേശം ബാധകമായ എല്ലാ ഏജന്‍സികളും സര്‍വ്വകലാശാലകളും 2026 മാര്‍ച്ച് 27 നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2025 ല്‍ നല്‍കിയ അപേക്ഷകളുടെ എണ്ണം, നിലവില്‍ ജോലി ചെയ്യുന്ന എച്ച്-1ബി വിസ ഉടമകളുടെ കണക്ക്, അവരുടെ രാജ്യങ്ങള്‍, ജോലി സ്വഭാവം, വിദേശികളെ നിയമിക്കുന്നതിന് മുമ്പ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രത്യേക വൈദഗ്ധ്യം ആവശ്യമായ തസ്തികകളില്‍ പ്രാദേശികമായി ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ എച്ച്-1ബി വിസയെ സര്‍വ്വകലാശാലകളും സ്‌കൂളുകളും ആശ്രയിക്കാറുണ്ടെങ്കിലും അത് അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരമാകരുതെന്നാണ് ഗവര്‍ണറുടെ നിലപാട്. അതേസമയം ട്രംപ് ഭരണകൂടം എച്ച്-1ബി നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. 2024 ല്‍ അനുവദിച്ച എച്ച്-1ബി വിസകളില്‍ 71 ശതമാനവും ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു. എന്നാല്‍ 2025 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കുന്ന വിസ അംഗീകാരങ്ങളില്‍ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.