രണ്ട് പേരുടെ പൗരത്വം റദ്ദാക്കിയാല്‍ തീരാവുന്ന പ്രശ്നമേ രാജ്യത്തുള്ളൂ : മോദിയെയും അമിത് ഷായെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

Jaihind News Bureau
Tuesday, December 17, 2019

രണ്ട് പേരുടെ പൗരത്വം റദ്ദ് ചെയ്താല്‍ രാജ്യത്തെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. മോദിയുടെയും അമിത് ഷായുടെയും പേരെടുത്ത് പറയാതെ ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ വിമർശനം. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ രാജ്യത്തുയരുന്ന കനത്ത പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ട് പേരുടെ പൗരത്വം റദ്ദ് ചെയ്ത് പുതുതായി രൂപം കൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാല്‍ രാജ്യം ശാന്തമാവുമെന്ന് സ്വാമി സന്ദീപാനന്ത ഗിരി ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസ് അന്വേഷിക്കുന്ന വിവാദ ആൾദൈവം നിത്യാനന്ദ കരീബിയന്‍ ദ്വീപസമൂഹത്തില്‍ സ്വന്തമായി ദ്വീപ് വാങ്ങി അതിനെ കൈലാസ രാജ്യമായി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുധര്‍മം ആചരിച്ച് തങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഈ രാജ്യത്തിലെ പൗരമനാകാമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സന്ദീപാനന്ദ ഗിരി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

എന്താണൊരു പോംവഴി? ?

= രണ്ടു പേരുടെ പൌരത്വം റദ്ദ്ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം.???‍

കരീബിയന്‍ ദ്വീപ സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടൊബാഗോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ പുതിയ കൈലാസ രാജ്യം. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്‍റെ പതാകയും, പാസ്പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കിയിരുന്നു. കടുംകാവി നിറത്തില്‍ നിത്യനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഒപ്പം രണ്ട് തരം പാസ്പോര്‍ട്ടും പുറത്തിറക്കിയിരുന്നു.