ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിൽ ‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ് ടാഗ് നിറഞ്ഞതിന് പിന്നാലെ വെല്ലിവിളിയുമായി യോഗ ഗുരു ബാബാ രാംദേവ്. ഈ ആവശ്യം മുന്നോട്ടുവെക്കുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നായിരുന്ന രാംദേവിന്റെ വിവാദ പ്രതികരണം. ഇയാളുടെ വെല്ലുവിളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
അറസ്റ്റ് രാംദേവ് എന്നൊക്കെ പറഞ്ഞ് അവർ വെറുതേ ശബ്ദം ഉണ്ടാക്കുകയാണ്. അവരുടെ പിതാക്കന്മാര്ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാനാവില്ല. അവരെല്ലാം ട്രെന്‍ഡിന് പിന്നാലെയാണ് – രാംദേവ് വീഡിയോയിൽ പറയുന്നു.
അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കൊവിഡിന് അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷണക്കണിക്ക് ആളുകളാണ് മരിച്ചതെന്നും നേരത്തെരാംദേവ് നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ ഐഎംഎ 1000 കോടി രൂപയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ അസത്യപ്രചാരണം നടത്തി ആളുകളെ ആശങ്കപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ അറസ്റ്റ് രാംദേവ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗായത്. ഇതോടെയാണ് വീണ്ടും വിവാദ പരാമര്‍ശവുമായി രാംദേവിന്റെ വെല്ലുവിളി. ഇതോടെ രാംദേവിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാവുകയാണ്.