രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും വര്‍ഗീയതയുമായി സന്ധിയില്ല; പുസ്തകപ്രകാശന ചടങ്ങ് ആര്‍എസ്എസ് വേദിയല്ല; ദേശാഭിമാനിയുടെ പരാമര്‍ശങ്ങള്‍ വിഎസിനും ബാധകമാകും: പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: ആര്‍എസ്എസ് വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങ് ആര്‍എസ്എസ് വേദി ആയിരുന്നില്ല. വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് താന്‍ തൃശൂരില്‍ പ്രകാശനം ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നാലും വര്‍ഗീയതയുമായി സന്ധിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

സ്വാമി വിവേകാനന്ദന്‍റെ 150-ാ മത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ആര്‍എസ്എസ് വേദി ആയിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ 2013 മാര്‍ച്ച് 13 ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്തത്. മാതൃഭൂമി എം.ഡിയായിരുന്ന എം.പി വീരേന്ദ്രകുമാറിന്‍റെ നിര്‍ദേശപ്രകാരമാണ് ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചത്.

വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്.

മഞ്ഞ പത്രത്തെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് ഇന്ന് ദേശാഭിമാനി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശാഭിമാനി പറഞ്ഞ വാക്കുകള്‍ വന്ദ്യവയോധികനായ വി.എസിന് കൂടി ബാധകമാകുമെന്ന് അവര്‍ അറിയാതെ പോയി. ബി.ജെ.പി നേതാക്കള്‍ പുറത്തിട്ട ഫോട്ടോകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചരണം നല്‍കിയത് സി.പി.എമ്മാണ്.

വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലും ഉള്ള തെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു സി.പി. എം നേതാവും ബി.ജെ.പി നേതാവും അതിനെ തള്ളി പറഞ്ഞിട്ടില്ല.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എന്‍.വി രമണ ഭരണഘടനയെ ഭാരതീയവത്ക്കരിക്കണം എന്ന് പറഞ്ഞെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം കണ്ടു. ജസ്റ്റിസ് എന്‍.വി രമണ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല. പി.കെ കൃഷ്ണദാസിന്റെ തെറ്റിദ്ധാരണ ജനകമായ പ്രസ്താവനയെ ഏതെങ്കിലും ഒരു സി.പി.എം നേതാവ് തള്ളിപ്പറഞ്ഞോ? സംഘപരിവാര്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ സി.പി.എം ഇത്ര ആഘോഷികുനത് എന്തിനാണ് ? സി.പി.എമ്മും ബി.ജെ.പിയും ഒരേ തോണിയിലാണ് യാത്ര.

ആര്‍.എസ്.എസിനെയും സംഘപരിവാറിനേയും ആക്രമിച്ചാല്‍ അത് എങ്ങനെയാണ് ഹിന്ദുക്കള്‍ക്ക് എതിരാകുന്നത്? ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനാണോ? ഒരു സംഘപരിവാര്‍കാരനും ഒരു വര്‍ഗീയവാദിയും എന്നെ വിരട്ടാന്‍ വരണ്ട. ഒരു വര്‍ഗീയ വാദിയുടേയും മുന്നില്‍ മുട്ടുമടക്കില്ല. ഒരു വര്‍ഗീയ വാദിയുടേയും വോട്ട് ചോദിച്ച് ഇതുവരെ പോയിട്ടില്ല.

എന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ മാര്‍ച്ച് നടത്തിയിട്ടുള്ളത് സംഘപരിവാരാണ്. ദേവസ്വം ബോര്‍ഡുകളിലെ പണം മുഴുവന്‍ സര്‍ക്കാര്‍ കൊണ്ട് പോകുന്നെന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണം നിയസഭയില്‍ കൊണ്ട് വന്ന് പൊളിച്ചു. പറവൂരില്‍ ആര്‍.എസ്.എസുകാര്‍ മുജാഹിദ് പ്രവര്‍ത്തകരെ ആക്രമിച്ചതും സഭയില്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്ന് വി.ഡി.സതീശനെ രാഷ്ട്രീയ വനവാസത്തിനയയ്ക്കാന്‍ ഹിന്ദു മഹാസംഗമം നടത്തിയവരാണ് സംഘ പരിവാര്‍ സംഘടനകള്‍ . എല്ലാ കാലത്തും ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇനിയും എതിര്‍ക്കും . അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടി വന്നാലും വര്‍ഗീയതയുമായി സന്ധിചെയ്യില്ല.


		
Comments (0)
Add Comment