ന്യൂഡല്ഹി : യുക്രെയ്നിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ ഉചിതസമയത്ത് നടപടിയെടുക്കാതെ റോസാപൂ നൽകിയിട്ടെന്ത് കാര്യമെന്ന ചോദ്യവുമായി തിരിച്ചെത്തിയ വിദ്യാർഥി. ബിഹാർ മോത്തിഹാരി സ്വദേശിയായ ദിവ്യാൻഷു സിങ്ങാണ് യുക്രെയ്നിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നടപടി കൃത്യമായിരുന്നില്ലെന്ന് വിമർശിച്ചത്.
ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തിയ ദിവ്യാൻഷു അടക്കമുള്ളവരെ റോസാപൂ നൽകി സ്വീകരിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രസർക്കാറിനെതിരെ ഇദ്ദേഹം പ്രതികരിച്ചത്. ഇപ്പോൾ തങ്ങൾക്ക് റോസപൂ നൽകുന്നത് കൊണ്ട് എന്താണ് കാര്യമെന്നും എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ കുടുംബം എന്തു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ സംഘം കൃത്യമായ പദ്ധതിയോടെ നീങ്ങിയത് കൊണ്ടാണ് അധികം പ്രശ്നങ്ങളില്ലാതെ നാട്ടിലെത്തിയതെന്നും ഇല്ലെങ്കിൽ ഈ പൂ നൽകുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും ദിവ്യാൻഷു പറഞ്ഞു.
യുക്രെയ്ൻ ബോർഡർ കടന്ന് ഹംഗറിയിലെത്തിയപ്പോൾ മാത്രമാണ് സഹായം കിട്ടിയതെന്നും യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം കിട്ടിയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. യുക്രൈനിൽ വെച്ച് സ്വന്തം നിലയ്ക്കാണ് കാര്യങ്ങൾ ചെയ്തതെന്നും തങ്ങൾ പത്തുപേരടങ്ങുന്ന സംഘം തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറിപ്പറ്റി അതിർത്തി കടക്കുകയായിരുന്നുവെന്നും ദിവ്യാൻഷു വ്യക്തമാക്കി.
യുക്രൈനിൽ നിന്ന് രക്ഷപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായി വാർത്തയുണ്ടെങ്കിലും തങ്ങൾക്ക് യുക്രൈൻ നിവാസികൾ സഹായമാണ് ചെയ്തതെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ പോളണ്ട് അതിർത്തിയിൽ ചില വിദ്യാർഥികൾ പീഡനം നേരിട്ടുവെന്നും ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾക്ക് ഉചിത സമയത്ത് നടപടികൾ സ്വീകരിക്കാത്ത കേന്ദ്രസർക്കാറാണ് ഉത്തരവാദിയെന്നും മറിച്ചായിരുന്നെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. യു.എസ്സാണ് ആദ്യമായി പൗരന്മാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടതെന്നും ഇദ്ദേഹം പറഞ്ഞു.