കന്യാസ്ത്രീക്കെതിരായ അപകീർത്തികരമായ പരാമർശം : പി.സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മറ്റി ശുപാർശ

Jaihind News Bureau
Wednesday, January 20, 2021

ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പി.സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മറ്റിയുടെ ശുപാർശ. വിഷയത്തിലുള്ള പി.സി ജോർജിന്‍റെ പ്രവൃത്തികൾ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മറ്റി വിലയിരുത്തി.

പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ പി.സി ജോർജ് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ നൽകിയ പരാതി പരിഗണിച്ചാണ് പി.സി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മറ്റി ശുപാർശ നൽകിയിട്ടുള്ളത്.

കന്യാസ്ത്രീയെ പിന്തുണച്ചവരെ പി.സി ജോർജ് സ്വഭാവഹത്യ നടത്താൻ ശ്രമിക്കുന്നുവെന്ന പരാതി വസ്തുതാ പരമായി ശരിയാണെന്ന് വിലയിരുത്തിയ കമ്മറ്റി ജോർജിനെതിരായ ആക്ഷേപം ഗൗരവ തരമാണെന്ന നിരീക്ഷണമാണ് പങ്ക് വെച്ചത്.

പൊതു ജീവിതത്തിൽ ഉയർന്ന നിലവാരത്തിലുള്ള സന്മാർഗികതയും അന്തസും മര്യാദയും മൂല്യങ്ങളും നിലനിർത്താൻ നിയമസഭാ അംഗങ്ങൾ ബാധ്യസ്ഥരാണ്.

വിഷയത്തിൽ പി.സി ജോർജിൻ്റെ പ്രവൃത്തികൾ സഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും സഭയുടെ അന്തസിന് കോട്ടം തട്ടുന്നതാണെന്നും കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സഭയുടെ പെരുമാറ്റച്ചട്ടപ്രകാരം ശാസിക്കണമെന്ന് കമ്മറ്റി ശുപാർശ ചെയ്തിട്ടുള്ളത്.

നിയമസഭാ സമ്മേളനം അവസാനിക്കാൻ രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കേ കമ്മറ്റിയുടെ ശുപാർശ പ്രകാരം പി.സി ജോർജിന് സ്പീക്കറിൽ നിന്നുള്ള ഈ കാലയളവിൽ തന്നെ ഏറ്റുവാങ്ങേണ്ടി വരും