സി.എം.പി-സി.പി.എം ലയനത്തിന് കോടതി വിലക്ക്

Saturday, February 2, 2019

സി.എം.പി – സി.പി.എം ലയനത്തിന് കോടതിയുടെ വിലക്ക്. എറണാകുളം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് ലയനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. സി.പി.എമ്മില്‍ ലയിക്കാനുള്ള സി.എം.പിയുടെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് കോടതി വിലക്ക്. സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്‍റെ മകന്‍ എം.വി രാജേഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എം.വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയും കോടതി തടഞ്ഞു.

നാളെ കൊല്ലത്ത് ലയന സമ്മേളനം നടത്താനായിരുന്നു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. 1986ല്‍ സ്ഥാപിതമായ സി.എം.പി, പാര്‍ട്ടി സ്ഥാപകനേതാവ് എം.വി രാഘവന്‍റെ മരണശേഷം രണ്ടായി പിളര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം ഇടതുപക്ഷത്തോടൊപ്പവും സി.പി ജോണ്‍ വിഭാഗം യു.ഡി.എഫിനൊപ്പവും നിലകൊണ്ടു. ഇടതുപക്ഷത്തോടൊപ്പമുള്ള സി.എം.പിയാണ് നാളെ സി.പി.എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിരുന്നത്.