സി.ഐ നവാസിനെ കാണാതായ സംഭവത്തിൽ അന്വേഷണചുമതല എറണാകുളം ഡിസിപിയ്ക്ക്

Jaihind Webdesk
Friday, June 14, 2019

കൊച്ചി സെൻട്രൽ സി.ഐ നവാസിനെ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയെന്ന് ഡി ജി പി ലോക് നാഥ് ബെഹ്റ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.

ഇതിനിടെ, കെഎസ്ഇബി വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്‍റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നുവെന്നും കോടതിയാവശ്യത്തിന് പോകുന്നതായാണ് ഇയാളോട് നവാസ് പറഞ്ഞതെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം നവാസിനെക്കുറിച്ച് ഒരു വിവരവും ഇല്ല. ഭാര്യക്ക് സുഖമില്ല എന്ന ഒരു വാട്‌സ് ആപ്പ് സന്ദേശം ഒരു ബന്ധുവിന് അയച്ചതായും പൊലീസ് പറയുന്നു.

ഭാര്യക്കൊപ്പം ഉറങ്ങാന്‍ കിടന്ന നവാസിനെ കാണാനില്ലെന്ന് പറഞ്ഞ് വ്യാഴാഴ്ചയാണ് ഭാര്യ പരാതി നല്‍കിയത്. യാത്ര പോവുകയാണെന്ന് കത്തെഴുതി വെച്ചിരുന്നതായും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. സിം കാര്‍ഡ് മാറ്റിയിട്ടതിനാല്‍ കണ്ടെത്താനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. തേവരയിലെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്‍റെയും കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.