
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. എപ്സ്റ്റീന്റെ നിർദ്ദേശപ്രകാരം ഡൊണാൾഡ് ട്രംപിന് വേണ്ടി മോദി ഇസ്രായേൽ സന്ദർശിച്ചുവെന്നും അവിടെ ചില ചടങ്ങുകളിൽ പങ്കെടുത്തുവെന്നും ആരോപിക്കപ്പെടുന്ന റിപ്പോർട്ടുകളെ ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം.
എപ്സ്റ്റീൻ ഫയലുകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പരാമർശിക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത്തരം ബന്ധങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെയും ദേശീയ അന്തസിനെയും മോശമായി ബാധിക്കുമെന്ന് പാർട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അമേരിക്കയിലെ ഒരു കുറ്റവാളിയുമായി ബന്ധപ്പെട്ട ഫയലുകളിൽ പേര് വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടുകൾ തികച്ചും അപമാനകരമാണെന്നും ഇതിൽ ഉടൻ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് എപ്സ്റ്റീന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചതെന്നും ഇസ്രായേൽ സന്ദർശനത്തിന് പിന്നിലെ ലക്ഷ്യങ്ങൾ എന്താണെന്നും കോൺഗ്രസ് ഐ.ടി വിഭാഗം മേധാവി പവൻ ഖേര ചോദിച്ചു. 2017-ലെ യു.എസ്, ഇസ്രായേൽ സന്ദർശനങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെട്ട ഈ വാദങ്ങളിൽ വ്യക്തത വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
2017 ജൂലൈയിലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി ജൂൺ മാസത്തിൽ അദ്ദേഹം ട്രംപിനെ കണ്ടിരുന്നുവെന്ന് ഫയലുകളെ ഉദ്ധരിച്ചുള്ള വാർത്തകളിൽ പറയുന്നു. ഇ-മെയിലുകളെ അടിസ്ഥാനമാക്കിയാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നത്. ട്രംപ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് തുടങ്ങിയ പ്രമുഖരുടെ പേരുകളും ഈ ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.