‘ജാവദേക്കറെ കണ്ടിരുന്നു, നന്ദകുമാറും ഒപ്പമുണ്ടായിരുന്നു’; തുറന്നു സമ്മതിച്ച് ഇ.പി. ജയരാജന്‍

 

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് തുറന്നു സമ്മതിച്ച് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍. പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ വെളിപ്പെടുത്തല്‍ ഇപി ശരിവെച്ചു.  നന്ദകുമാറും ജാവേദ്ക്കറിന്‍റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇപി പ്രതികരിച്ചു.

“പ്രകാശ് ജാവദേക്കർ എന്നെ കാണാൻ വന്നിരുന്നു. മകന്‍റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു”- ഇ.പി. ജയരാജന്‍ പറഞ്ഞു.

ബിജെപിയിൽ ചേരാൻ ശ്രമിച്ച സിപിഎം ഉന്നത നേതാവ് ഇ.പി. ജയരാജൻ ആണെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാർത്ഥി  ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഇപി ജയരാജന്‍റെ മകൻ തനിക്ക് മെസേജ് അയച്ചിരുന്നെന്നും ഇപി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്കറിയാമെന്നും ശോഭ ആരോപിച്ചു. കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ഇപിയുടെ ജീവന്‍ അപകടത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Comments (0)
Add Comment