ബദരീനാഥിലും കേദാര്‍നാഥിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുന്നു; പുതിയ നിയമവുമായി ടെമ്പിള്‍ കമ്മിറ്റി

Jaihind News Bureau
Monday, January 26, 2026

 

ഡെറാഡൂണ്‍: ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കാന്‍ തീരുമാനം. ചാര്‍ധാം തീര്‍ത്ഥാടനത്തിന്റെ ഭാഗമായ ഈ ക്ഷേത്രങ്ങളുടെ ഭരണച്ചുമതലയുള്ള ബദരീനാഥ്-കേദാര്‍നാഥ് ടെമ്പിള്‍ കമ്മിറ്റി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് പ്രധാന ക്ഷേത്രങ്ങള്‍ കൂടാതെ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള മറ്റ് 45 ക്ഷേത്രങ്ങളിലും പുതിയ നിയന്ത്രണം ബാധകമായിരിക്കും. അഹിന്ദുക്കളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള പ്രമേയം വരാനിരിക്കുന്ന കമ്മിറ്റി യോഗത്തില്‍ ഔദ്യോഗികമായി പാസാക്കും.

ഉത്തരാഖണ്ഡിന്റെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരം നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നെങ്കിലും മുന്‍പ് അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ അവ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഗംഗോത്രി ധാമിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കാന്‍ തീരുമാനമായിരുന്നു.

ശൈത്യകാലത്തെ അവധിക്ക് ശേഷം ഏപ്രിലിലാണ് ക്ഷേത്രങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ബദരീനാഥ് ക്ഷേത്രം ഏപ്രില്‍ 23-ന് തുറക്കും. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ അക്ഷയ തൃതീയ ദിനമായ ഏപ്രില്‍ 19-നാണ് തുറക്കുക. കേദാര്‍നാഥ് നട തുറക്കുന്ന തീയതി വരാനിരിക്കുന്ന മഹാശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും. തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ നിയമം നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം.

അതേസമയം, ടെമ്പിള്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സാധാരണ നിലയില്‍ അഹിന്ദുക്കള്‍ ഈ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാറില്ല എന്നിരിക്കെ, ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചാണെന്നും അവര്‍ വിമര്‍ശിച്ചു.