ഓക്‌സിജന്‍ ക്ഷാമംമൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രവാദം വിചിത്രം ; അവകാശലംഘനത്തിന് നോട്ടീസ് നൽകും : കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Tuesday, July 20, 2021

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമംമൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്ര വാദത്തിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആരും മരണമടഞ്ഞിട്ടില്ലെന്ന വിചിത്ര നിലപാടുമായി കേന്ദ്ര സർക്കാർ ഇന്ത്യൻ പാർലമെൻ്റിനെ തന്നെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഒട്ടേറെപ്പേർ മരണമടഞ്ഞിട്ടും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മറുപടി നൽകിയതിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും  ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ പാർലമെൻ്റിൽ തന്നെ സ്വന്തം വീഴ്ചകൾ മൂടിവയ്ക്കാൻ ഇത്തരം നട്ടാൽ കുരുക്കാത്ത നുണകൾ പറയുന്ന മോദി സർക്കാർ ഇന്ത്യക്കു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.സി വേണുഗോപാല്‍ എം.പിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കോവിഡിൻറെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലം ആരും മരണമടഞ്ഞിട്ടില്ലെന്ന വിചിത്ര നിലപാടുമായി കേന്ദ്ര സർക്കാർ ഇന്ത്യൻ പാർലമെൻ്റിനെ തന്നെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരെങ്കിലും മരണപ്പെട്ടതായി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി രാജ്യസഭയെ അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം ഒട്ടേറെപ്പേർ മരണമടഞ്ഞത് സംബന്ധിച്ചുള്ള ഒരു ചോദ്യം ഇന്ന് രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഈ വിചിത്രമായ മറുപടി നൽകിയത്. ആരോഗ്യം സംസ്ഥാന പരിധിയിൽ വരുന്ന വിഷയമാണ്. കോവിഡ് മരണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി കേന്ദ്രസർക്കാരിനെ അറിയിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഓക്സിജൻ ലഭ്യത മൂലം രോഗികൾ മരണപ്പെട്ടുവെന്ന് ഒരു സംസ്ഥാനവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. അതെ സമയം കോവിഡ് രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് ഓക്സിജൻ ആവശ്യകത വർധിച്ചിട്ടുണ്ട് എന്നും മന്ത്രി പറയുന്നു. ഒന്നാം തരംഗത്തിന്റെ സമയത്ത് 3095 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടായിരുന്നു. എന്നാൽ 9000 മെട്രിക് ടൺ ഓക്സിജൻ ആണ് രണ്ടാം തരംഗത്തിന്റെ സമയത്ത് ആവശ്യവുമായി വന്നത്. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതോടൊപ്പം ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പക്കലില്ലെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം മൂലം ഒട്ടേറെപ്പേർ മരണമടഞ്ഞിട്ടും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മറുപടി നൽകിയതിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നൽകും. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ പാർലമെൻ്റിൽ തന്നെ സ്വന്തം വീഴ്ചകൾ മൂടിവയ്ക്കാൻ ഇത്തരം നട്ടാൽ കുരുക്കാത്ത നുണകൾ പറയുന്ന മോദി സർക്കാർ ഇന്ത്യക്കു തന്നെ അപമാനമാണെന്നു പറയാതെ വയ്യ.

 

https://www.facebook.com/kcvenugopalaicc/photos/a.413138495475351/4014059725383192/