അന്വേഷണം സർക്കാരിലേക്കും ; ഇ മൊബിലിറ്റി ഉള്‍പ്പെടെ നാല് പദ്ധതികളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ്

Jaihind News Bureau
Sunday, November 1, 2020

 

അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സർക്കാരിന്‍റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗൺടൗൺ, കെ ഫോൺ, ഇ മൊബിലിറ്റി, സ്മാർട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുക. പദ്ധതികളുടെ വിശദാംശങ്ങൾ തേടി ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നൽകി.

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികളിലേക്കും ഇ.ഡിയുടെ അന്വേഷണം നീങ്ങുന്നു. പദ്ധതികളുടെ വിശദാംശങ്ങൾ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്‍റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്‍റെ വിശദാംശങ്ങൾ എന്നിവയാണ് തേടിയത്. സർക്കാരിന്‍റെ സ്വപ്ന പദ്ധതികളായ ഡൗൺടൗൺ, കെ ഫോൺ, ഇ മൊബിലിറ്റി, സ്മാർട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി പുതിയതായി അന്വേഷിക്കുന്നത്.

നിലവിൽ സർക്കാരിന്‍റെ മറ്റൊരു സ്വപ്ന പദ്ധതിയായ ലൈഫ് പദ്ധതിയിലെ അഴിമതിയും കമ്മീഷനും സബന്ധിച്ച് ഇ.ഡിയും സി.ബി.ഐയും അന്വേഷണത്തിലാണ്. ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റ് 4 പദ്ധതികളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ശിവശങ്കറിന്‍റെ ഇടപെടൽ ഉണ്ടായ മറ്റ് പദ്ധതികളിലേക്കും അന്വേഷണം നീളും എന്നാണ് എന്‍ഫോഴ്സ്മെന്‍റ് നൽകുന്ന സൂചന. കസ്റ്റഡിയിലുള്ള എം ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്‍റെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇ.ഡി വിപുലമാക്കിയിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങൾ ചോദിച്ച് നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്‍റെ മറുപടിക്കനുസൃതമായിട്ടായിരിക്കും ഇ.ഡിയുടെ തുടർ നീക്കങ്ങൾ.