ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുള്ള ധാരണാപത്രം കൈമാറണം; സർക്കാരിനോട് വിവരങ്ങള്‍ തേടി ഇ.ഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിനെ കുടുക്കുന്ന നീക്കവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുള്ള ഇടപാടിന്റെ ധാരണാപത്രം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സര്‍ക്കാരിന് കത്ത് നല്‍കി. ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനുമാണ് കത്ത് നല്‍കിയത്.

റെഡ് ക്രസന്‍റ് കരാറിലാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്‍റ് നടത്തിയ 20 കോടിയുടെ നിക്ഷേപത്തിന് സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ഇതാണെന്ന് പറയുന്നു.

അതിനിടെ എം ശിവശങ്കറിനെ കുരുക്കിലാക്കി  സ്വപ്നാ സുരേഷിന്‍റെ മൊഴി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചതെന്നും സ്വപ്നയുടെ വെളിപ്പെടുത്തല്‍. 2017 ൽ സ്വപ്ന ഒമാനിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിലും ഒക്ടോബറിലും ശിവശങ്കറിനൊപ്പം യാത്ര ചെയ്തായി എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യംചെയ്യലില്‍ സ്വപ്നാ സുരേഷ് സമ്മതിച്ചു.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം സംബന്ധിച്ച് നേരത്തെ സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ നല്‍കിയ വിശദീകരണം വിവാഹ സമയത്ത് ലഭിച്ചതാണെന്നായിരുന്നു. ശിവശങ്കറിന്‍റെ നിർദേശത്തെ തുടർന്നാണ് ലോക്കറിൽ സ്വർണ്ണം വെച്ചത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്‌ന, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് കോടതിയില്‍ ഹാജരാക്കിയത്.

Comments (0)
Add Comment