ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ അധികൃതര്‍ പൊളിച്ചു മാറ്റി. ഇടുക്കി ജില്ലാ ഭരണകുടം നല്കിയ സ്റ്റോപ് മെമോക്ക് പിന്നാലെയാണ് കുരിശ് മാറ്റിയത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തില്‍ സജിത് ജോസഫ് കൈവശം വച്ച ഭൂമിയിലാണ് അനധികൃതമായി റിസോര്‍ട്ട് നിര്‍മിച്ചത്. ഒപ്പം ആ ഭൂമിയില്‍ കോണ്‍ക്രീറ്റില്‍ കുരിശും നിര്‍മിക്കുകയായിരുന്നു.
ഇടുക്കി പരുന്തുംപാറയിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘമാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തില്‍ സജിത് ജോസഫ് കൈവശം വച്ച ഭൂമി കൈയ്യേറ്റ ഭൂമിയെന്ന് കണ്ടെത്തിയത്. അനധികൃത നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടം സ്റ്റോപ് മെമോ നല്‍കുകയും ചെയ്തു. ഇതേ സ്ഥലത്ത് കുരിശ് സ്ഥാപിച്ചതിലും റവന്യൂ വകുപ്പ് അന്വേഷണം നടത്തി. ഇതിനു ശേഷമാണ് കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് കുരിശ് പൊളിച്ചു നീക്കിയത് .