എമ്പുരാനിലെ വിവാദ ഭാഗങ്ങള്‍ വെട്ടി മാറ്റിക്കൊണ്ടുള്ള പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തും. വൈകുന്നേരത്തോടയാവും പുതിയ പതിപ്പ് തിയ്യറ്ററുകളില്‍ ഇറങ്ങുക. ആദ്യ 20 മിനിറ്റ് കാണിക്കുന്ന ഗുജറാത്ത്് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ ബലാല്‍സംഗം ചെയ്യുന്ന രംഗങ്ങള്‍ അടക്കമുള്ള 3 മിനിറ്റുകള്‍ വെട്ടിമാറ്റി. ഒപ്പം പ്രധാന വില്ലന്‍റെ പേരായ ബജ്‌റംഗി എന്ന പേര് മാറ്റി ബല്‍രാജ് എന്നാക്കാനും സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങളോടെയാണ് റീ-എഡിറ്റഡ് പതിപ്പ് ഇന്ന് പ്രദര്‍ശനത്തിനിറങ്ങുന്നത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരമാണ് അടിയന്തര നടപടി എടുത്തതെന്നാണ് വിവരം.
സിനിമയുമായി ബന്ധപ്പെട്ട് ഇറങ്ങിയ വിവാദങ്ങളില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. അതേ പോസ്റ്റ് റീഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജും രംഗത്ത് വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ എഴുത്തുകാരന്‍ മുരളി ഗോപിയും മറ്റ് സിനിമാ സംഘടനകളും വിഷയത്തില്‍ മൗനം തുടരുകയാണ്.
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രം വലിയ ഹൈപ്പോടെയായിരുന്നു റിലീസിനെത്തിയത്. പ്രദര്‍ശന ദിവസം മുതല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നേരിട്ട സൈബര്‍ ആക്രമണം ചെറുതൊന്നുമല്ല. ഈ വിവാദങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ നടന്‍ മോഹന്‍ലാല്‍ ഇന്നലെ പുറത്തു വിട്ടിരുന്നു. ചിത്രം റിലീസിനെത്തി രണ്ടാം ദിനം തന്നെ 100 കോടി കളക്ഷന്‍ നേടിയിരുന്നു.