കിറ്റെക്‌സിനെതിരെ തൊഴിൽ വകുപ്പിന്‍റെ റിപ്പോർട്ട് : കമ്പനി സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധ നയങ്ങള്‍

Jaihind Webdesk
Tuesday, July 13, 2021

​കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്‌ടറിക്ക് എതിരെ തൊഴില്‍ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. മിനിമം വേതനം നല്‍കുന്നില്ല, വേണ്ടത്ര ശുചിമുറികളില്ല, കുടിവെള്ളം ഉറപ്പുവരിത്തിയിട്ടില്ല, തൊഴിലാളികള്‍ക്ക് അവധി നല്‍കുന്നില്ല തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നുവെന്നും ഇതിന് അധികവേതനം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു സ്വകാര്യ ചാനലാണ് തൊഴിൽ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫാക്‌ടറിയിലെ തൊഴില്‍ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് പരിശേധന നടത്തിയത്. മാനേജ്‌മെന്‍റിന്‍റെയും തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ കേട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തൊഴില്‍ നിയമം 21/4 വകുപ്പ് പ്രകാരം മിനിമം വേതനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തൊഴിലാളികള്‍ക്ക് എതിരെ അനധികൃതമായി പിഴ ചുമത്തുന്നു. ആനുവല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചും തദ്ദേശീയരായ തൊഴിലാളികളെ സംബന്ധിച്ചും തരംതിരിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന് കൃത്യമായ കണക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് കളവാണെന്ന് ആരോപിച്ച് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് രംഗത്തുവന്നു. ശുചിമുറികളുടെയും കുടിവെള്ളത്തിന്‍റെയും കാര്യത്തില്‍ മാനദണ്ഡത്തില്‍ പറയുന്നതെല്ലാം പാലിച്ചാണ് ഫാക്‌ടറി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.