സർക്കാർ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കണം; പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ ജീവനക്കാർ സമരത്തിലേക്ക്

Jaihind Webdesk
Sunday, July 14, 2024

 

കണ്ണൂർ: പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ ജീവനക്കാർ സമരത്തിലേക്ക്. ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നത്. എൻജിഒ അസോസിയേഷനും നഴ്സസ് യൂണിയനും സംയുക്തമായാണ് ഈ മാസം 17-ന് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

2018-ലാണ് സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത്. 2019-ൽ സർക്കാരിന്‍റെ പൂർണ്ണ നിയന്ത്രണത്തിലായി. എന്നാൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മിക്കതും തടഞ്ഞുവെച്ചിരിക്കുകയാണ്. റിട്ടയർ ചെയ്ത ജീവനക്കാരുടെ റിട്ടയർമെന്‍റ് ആനുകൂല്യം പിടിച്ചുവെച്ചു. 2018-ലെ ശമ്പളവും ഡിഎയും മാത്രമാണ് ജീവനക്കാർക്ക് നൽകിയത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പ് മേധാവികൾ എന്നിവർക്ക് നിരവധി പരാതികൾ നൽകി. എന്നാൽ ആരോഗ്യ മന്ത്രിയുടെയും സർക്കാരിന്‍റെയും പ്രഖ്യാപനങ്ങൾ വെറും വാക്കായി മാറി. ജീവനക്കാരുടെ ആവശ്യത്തിന്മേൽ യാതൊരു തുടർനടപടിയും ഉണ്ടായില്ല. ഇതോടെയാണ് വീണ്ടും സമരപരിപാടികളുമായി ജീവനക്കാർ രംഗത്തിറങ്ങാൻ കാരണം.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഈ മാസം 17-ന് എൻജിഒ അസോസിയേഷനും നഴ്സസ് യൂണിയനും സംയുക്തമായി സൂചനാപണിമുടക്ക് നടത്തും. തുടർന്നും ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ജീവനക്കാർ പറയുന്നു. പരിയാരം മെഡിക്കൽ കോളേജിനോടുള്ള സർക്കാർ നിലപാടിന് എതിരെ ഭരണാനുകൂല ജീവനക്കാരിലും അമർഷം പുകയുകയാണ്. ഭരണാനുകൂല സംഘടനയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നേതാക്കൾ മൗനം തുടരുകയാണ്.