പരിയാരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സമരം

Jaihind News Bureau
Thursday, May 22, 2025

കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പ്രതിഷേധം. ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. ജീവനക്കാര്‍ കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഭിക്ഷാടന സമരം നടത്തി. കേരള എന്‍ജിഒ അസോസിയേഷന്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് സമരം ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

2018 മുതല്‍ തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും നല്‍കുക, ഡി എ, ഗ്രേഡ് പ്രമോഷന്‍ എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭിക്ഷാടന സമരം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഭിക്ഷ ചട്ടിയുമായി മണിയടിച്ച് കൊണ്ട് ജീവനക്കാര്‍ നഗരം ചുറ്റി. ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ നഴ്‌സിങ്ങ് ജീവനക്കാര്‍ ഉള്‍പ്പടെ കടുത്ത പ്രതിഷേധത്തിലാണ്.