കടല്‍ കരാ‍ർ : 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കി ; പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി സർക്കാർ

Jaihind News Bureau
Wednesday, February 24, 2021

തിരുവനന്തപുരം : കേരളത്തിന്‍റെ മത്സ്യസമ്പത്തിനെ വിദേശ കുത്തകകള്‍ക്ക് തീറെഴുതാനുള്ള  കെ.എസ്.ഐ.ഡി.സി–ഇം.എം.സി.സി ധാരണാപത്രവും റദ്ദാക്കി. ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത് 2020 ഫെബ്രുവരി 28നാണ്. മന്ത്രി ഇ.പി ജയരാജന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ പൂർണമായും ശരിവെക്കുന്നതാണ് സർക്കാർ നടപടി.

ഇഎംസിസിയുമായുള്ള 5000 കോടിയുടെ കരാറിലെ  നിയമലംഘനങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് സർക്കാരിന്‍റെ നീക്കം. തുടക്കത്തില്‍ ഇങ്ങനെയൊരു കരാറിനെക്കുറിച്ച് അറിയുകയേയില്ല എന്ന നിലപാട് സ്വീകരിച്ചിരുന്ന സർക്കാരിന് പിന്നീട് പ്രതിപക്ഷ നേതാവ് തെളിവുകള്‍ ഒന്നൊന്നായി പുറത്തുവിട്ടതോടെ കരാർ ഉണ്ടെന്ന് സമ്മതിക്കേണ്ടിവന്നു. ഇതിനെച്ചൊല്ലി ഫിഷറീസ് വകുപ്പും വ്യവസായ വകുപ്പുകളും തമ്മില്‍ കൊമ്പുകോർക്കുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ശ്രമിച്ചത്.

കരാർ സംബന്ധിച്ച് സര്‍ക്കാർ അറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരുമായി ഒരു ധാരണാപത്രവും ഒപ്പുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. എന്നാല്‍ ഇഎംസിസിയുമായുള്ള ധാരണാപത്രത്തിന്‍റെ കോപ്പി ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും വാദങ്ങള്‍ പൂർണമായും പൊളിക്കുന്ന രണ്ട് നിർണായക തെളിവുകള്‍ കൂടി രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെ സർക്കാരിന്‍റെ നില തീർത്തും പരുങ്ങലിലാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് തെളിവ് സഹിതം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിമാർക്കോ കഴിഞ്ഞില്ല. തുടക്കം മുതല്‍ തന്നെ ദുർബലമായ ന്യായീകരണങ്ങളാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും വിഷയത്തില്‍ നടത്തിയത്.

ആരോപണം ശക്തമായപ്പോള്‍ അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.യുമായുള്ള ട്രോളർ നിർമാണ കരാർ സർക്കാർ റദ്ദാക്കിയിരുന്നു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി (കെ.എസ്.ഐ.എൻ.സി) 400 ട്രോളറുകളുടെ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനും ഒപ്പുവെച്ച 2950 കോടി രൂപയുടെ കരാറാണ് നേരത്തെ റദ്ദാക്കിയത്. എന്നാല്‍ 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കരാറിലെ നിയമലംഘനങ്ങള്‍ പൂർണമായും പൊതുജനത്തിന് മുന്നിലെത്തിച്ചതോടെ ഗത്യന്തരമില്ലാതെ സർക്കാരിന് കരാര്‍ റദ്ദാക്കേണ്ടിവരികയായിരുന്നു. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.