ഇഎംസിസി കരാർ : 27 ന് സംസ്ഥാനത്ത് തീരദേശ ഹർത്താൽ

കൊച്ചി : കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കാൻ കൊച്ചിയിൽ ചേർന്ന മത്സ്യമേഖല സംഘടന പ്രവർത്തകരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇ.എം.സി.സി കരാർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27 ന് സംസ്ഥാനത്ത് തീരദേശ ഹർത്താൽ നടത്താൻ യോഗം തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കരാർ പിൻവലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ കൊല്ലത്തെ വസതിയിലേക്ക് മത്സ്യത്തൊഴിലാളികള്‍ മാർച്ച് നടത്തും.

ഇ.എം.സി.സിയും, കെ.എസ്.ഐ.എൻ.സിയും തമ്മിൽ ഉണ്ടാക്കിയ ധാരണാപത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുന്നതിൻ്റെ ഭാഗമായി യോഗത്തിൽ മത്സ്യമേഖല സംരക്ഷണ സമിതിക്ക് രൂപം നൽകി. സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന കരാറിനെതിരെ മുഴുവൻ തീരദേശവാസികളും രംഗത്തിറങ്ങുമെന്നും സംസ്ഥാനം ഇതുവരെ കാണാത്ത സമരം കേരളത്തിൽ അലയടിക്കുമെന്നും സംരക്ഷണ സമിതി രക്ഷാധികാരി ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

കരാറിനെ കുറിച്ച് അറിയില്ലെന്ന് ആദ്യം പറയുകയും പിന്നീട് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മാറ്റിപ്പറയുകയും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ വാക്കിന് വിശ്വാസമില്ലെന്നും കരാർ റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും ടി.എൻ പ്രതാപൻ എം.പി വ്യക്തമാക്കി. ഈ കരാർ സംസ്ഥാനത്തെ തീരദേശ മേഖലയെ സ്വകാര്യവത്കരിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. തിങ്കളാഴ്ച്ച കൊച്ചി കെ.എസ്.ഐ.എൻ.സി ആസ്ഥാനത്തേക്കും മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ കൊല്ലത്തെ വസതിയിലേക്കും മാർച്ച് നടത്തുമെന്നും സംരക്ഷണ സമിതി അറിയിച്ചു.വിവിധ മത്സ്യതൊഴിലാളി സംഘടന നേതാക്കളായ ചാൾസ് ജോർജ്, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment