ദുബായ് : യുഎഇയിലെ പി ആര് ഒ-മാരുടെ സംഘടനയായ, ‘യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്റെ’ പ്രഥമ മാധ്യമ പുരസ്കാരത്തിന് , ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ്, എല്‍വിസ് ചുമ്മാറിനെ തിരഞ്ഞെടുത്തു. കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി കെമാല്‍ പാഷ, പുരസ്കാരം സമ്മാനിച്ചു.
വീസാ വിലക്ക് മൂലം 11 വര്‍ഷം യുഎഇയില്‍ കുടുങ്ങിയ പ്രവാസി മലയാളി, സ്വന്തം മകനെ ഒമ്പതാം വയസില്‍ ആദ്യമായി കണ്ട പ്രത്യേക റിപ്പോര്‍ട്ട് , ദുബായിലെ ഒരു സാധാരണ ഗ്രോസറി ഷോപ്പില്‍, 24 വര്‍ഷക്കാലം സഹായിയായി ജോലി ചെയ്ത്, സിഗരറ്റ് ചട്ടയില്‍ ചിത്രങ്ങള്‍ വരച്ച് ജീവിച്ചിരുന്ന, റഫീഖ് പൊന്നാന്നി എന്ന, പെന്‍സില്‍ ചിത്രകാരനെ, ആദ്യമായി പുറംലോകത്തിന് മുന്നിലേക്ക് എത്തിച്ച പ്രത്യേക റിപ്പോര്‍ട്ട് എന്നിങ്ങനെ ഉള്‍പ്പടെയുള്ള, സ്പെഷ്യല്‍ ഫീച്ചറുകള്‍ക്കാണ് ഈ പുരസ്കാരമെന്ന് സംഘാടകര്‍ അറിയിച്ചു. ജയ്ഹിന്ദ് ടി വിയുടെ മിഡില്‍ ഈസ്റ്റ് ദിസ് വീക്ക് എന്ന, വാര്‍ത്താധിഷ്ടിത വാരാന്ത്യ പരിപാടിയിലൂടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്തത്.
ഗള്‍ഫില്‍ നിന്ന് ആദ്യമായി, ഒരാള്‍ തുടങ്ങി വെച്ച്, ഒരേ ചാനലില്‍ തുടര്‍ച്ചയായി 11 വര്‍ഷവും 590 എപ്പിസോഡുകളും പിന്നിട്ട, പ്രഥമ ഗള്‍ഫ് റെക്കോര്‍ഡ് ടെലിവിഷന്‍ പരിപാടിയുടെ അവതാരകനും നിര്‍മാതാവും കൂടിയാണ് എല്‍വിസ് ചുമ്മാര്‍. മലയാള പത്ര-ദൃശ്യ മാധ്യമ രംഗത്ത് , ഗള്‍ഫില്‍ മാത്രം, തുടര്‍ച്ചയായി 17 വര്‍ഷത്തെ, അനുഭവ സമ്പത്തുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എല്‍വിസ് ചുമ്മാറാണ്, നേരത്തെ, ബോളിവുഡ് നടി ശ്രീദേവിയുടെ യുഎഇയില്‍ വെച്ചുള്ള മരണം, അറ്റ്ലസ് രാമചന്ദ്രന് യുഎഇയില്‍ നിന്ന് ജയില്‍ മോചനായത് ഉള്‍പ്പടെയുള്ള നിരവധി വാര്‍ത്തകള്‍, ആദ്യമായി പുറം ലോകത്തെ അറിയിച്ചത്. ദുബായ് , ഷാര്‍ജ, അബുദാബി ഗവര്മെന്റുകളുടേത് ഉള്‍പ്പടെ, നിരവധി മാധ്യമ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.