ഇടുക്കിയില്‍ കാട്ടാന ആക്രമണം; ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

Jaihind Webdesk
Friday, September 24, 2021

ഇടുക്കി : കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ഇടുക്കി ശാന്തൻപാറ ആനയിറങ്കലിന് സമീപം എസ്‌ വളവിലാണ് കാട്ടാന ആക്രമണത്തിൽ ചട്ടമൂന്നാർ സ്വദേശിനി വിജികുമാർ (36) കൊല്ലപ്പെട്ടത്. ഭർത്താവ് കുമാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയ ശേഷം തിരികെ കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് മടങ്ങുന്നതിനിടയിൽ വെളുപ്പിന് 5.30നാണ് അപകടം ഉണ്ടായത്. വളവ് തിരിഞ്ഞെത്തിയ ഇരുചക്ര വാഹനം റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍റെ മുമ്പിൽ പെടുകയായിരുന്നു. ബൈക്ക് തിരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു വീഴുകയും കാട്ടാന അക്രമിക്കുകയുമാണ് ഉണ്ടായത്. ബൈക്കിനു അടിയിൽപെട്ടുപോയ കുമാർ രക്ഷപ്പെട്ടു.

പിന്നാലെ എത്തിയ തൊഴിലാളി വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഹസ്ഥരും ശാന്തൻപാറ പോലീസും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു. വിജിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.