അധിക വൈദ്യുതി ബിൽ വിവാദത്തിൽ ഹൈക്കോടതിയിൽ ഹർജി

Jaihind News Bureau
Monday, June 15, 2020

അധിക വൈദ്യുതി ബിൽ വിവാദത്തിൽ ഹൈക്കോടതിയിൽ ഹർജി. മൂവാറ്റുപുഴ സ്വദേശിയാണ് ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹർജി നൽകിയത്. കേസിൽ കോടതി വൈദ്യുതി ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

ലോക്ക്ഡൗൺ കാലത്തെ ശരാശരി ബില്ലിംഗ് രീതിയിൽ അപാകതയില്ലെന്ന് കെഎസ്ഇബി ആവർത്തിക്കുമ്പോഴും പരാതികൾ വർധിക്കുകയാണ്. സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്‌ക്കൊപ്പം ബിൽ തയ്യാറാക്കാൻ വൈകിയതും തുക കൂടാൻ കാരണമായെന്നാണ് ആരോപണം.

ലോക്ക്ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിംഗ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രിൽ മെയ് മാസങ്ങളിൽ ഇക്കുറി ലോക്ക്ഡൗൺകൂടി വന്നതോടെ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദമെങ്കിലും ഇത് ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല.

ഫെബ്രുവരി മുതൽ നേരിട്ട് റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്‍റെ ശരാശരി കണ്ടാണ് ബിൽ തയ്യാറാക്കിയത്. ശരാശരി ബിൽ തയ്യാറാക്കിയപ്പോൾ ഏപ്രിൽ മെയ് മാസങ്ങളിലെ ഉയർന്ന ഉപഭോഗത്തിന്‍റെ ഭാരം കൂടി ഫെബ്രുവരി, മാർച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗിൽ 60 ദിവസം കൂടുമ്പോൾ ബിൽ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബിൽ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ പലർക്കും സബ്‌സിഡി നഷ്ടമാവുകയും ചെയ്തു.