ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന സർക്കാരിന്റെ ഉറപ്പു വിശ്വസിച്ചു ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വാങ്ങിയവർ ദുരിതത്തിലായി. സിസി പെർമിറ്റുള്ള ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം കാരണം ഇലക്ട്രിക് ഓട്ടോ റോഡിലിറക്കാൻ കഴിയാത്ത ഗതികേടിലാണ് ഇലക്ട്രിക് ഓട്ടോ ഉടമകൾ.
പുകയോ ശബ്ദ മലിനീകരണമോ ഇല്ലാതെ പ്രകൃതിക്കും മനുഷ്യർക്കും ഒരുപോലെ ഇണങ്ങിയതാണ് ഇലക്ട്രിക് ഓട്ടോകൾ. ചാർജ് ചെയ്തു പ്രവർത്തിക്കുന്ന ഇത്തരം ഓട്ടോകൾ സംരക്ഷിക്കുമെന്ന സർക്കാരിന്റെ ഉറപ്പാണ് വെള്ളത്തിൽ വരച്ച വര പോലെയായതു. ഈ ഉറപ്പ് വിശ്വസിച്ചു ലോണെടുത്തു ഇലക്ടിക് ഓട്ടോകൾ വാങ്ങിയവർ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി.
കേരളത്തിൽ എവിടെയും ഓടാൻ പെർമിറ്റുള്ള ഈ ഓട്ടോറിക്ഷകളെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്ന് സാധാരണ ഓട്ടോ തൊഴിലാളികൾ തീരുമാനിച്ചതോടെ ഇലക്ട്രിക് ഓട്ടോകൾക്കു ഓട്ടം ഇല്ലാതായി. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇലക്ട്രിക്ക് ഓട്ടോ ഉടമകൾ പറയുന്നു.
ലക്ഷങ്ങൾ ലോണെടുത്താണ് പലരും ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയത്. പലർക്കും ലോൺ അടവുകൾ മുടങ്ങി. സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഓട്ടോ ഉടമകൾ.