അപകീര്‍ത്തി പരാമര്‍ശം; മോദിക്കെതിരെ മമതയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്

Jaihind Webdesk
Saturday, May 18, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജി വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 36 മണിക്കൂറിനകം മോദി നിരുപാധികം മാപ്പ് പറയണം എന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.

മമതയുടെയും അഭിഷേകിന്‍റെയും ഭരണ കാലയളവില്‍ സംസ്ഥാനത്ത് ക്രൂരമായ അവസ്ഥയായിരുന്നെന്നും ഡെമോക്രസിക്ക് പകരം  ഗുണ്ടാക്രസിയാണ് സംസ്ഥാനത്തെന്നുമായിരുന്നു മോദി പ്രസംഗിച്ചത്. തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണിവിടെ നടക്കുന്നതെന്നും മോദി ആരോപിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മോദി. ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് ജനവിധി തേടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമാണ് അഭിഷേക്. ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കുവേണ്ടിയാണ് മോദി പ്രചാരണത്തിനെത്തിയത്.

നേരത്തേ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവ് നിര്‍മല്‍ ചന്ദ്ര മൊണ്ഡല്‍ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത് വിവാദമായിരുന്നു. നിങ്ങളുടെ അനന്തരവന്‍ അഭിഷേക് കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്നായിരുന്നു മൊണ്ഡാലിന്‍റെ പരസ്യഭീഷണി.