മലപ്പുറം : പൊന്നാനിയിൽ സിപിഎം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കി പുറത്ത്. പി ശ്രീരാമകൃഷ്ണൻ മത്സരിക്കുന്നില്ലെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖിന് പകരം അവസരം നൽകണമെന്നാണ് അണികൾക്കിടയിലെ ആവശ്യം. സിഐടിയു നേതാവ് നന്ദകുമാറിനെ മണ്ഡലത്തിൽ സംസ്ഥാനസമിതി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ടി എം സിദ്ദീഖിന് വേണ്ടിയുള്ള പ്രവർത്തകരുടെ ആവശ്യവും ശക്തമാകുന്നത്.
പാലോളി മുഹമ്മദ് കുട്ടി മാറുമ്പോൾ അന്ന് പരിഗണനയിൽ ഉണ്ടായിരുന്ന പേരായിരുന്നു ടി.എം സിദ്ദീഖിന്റേത്. എന്നാൽ 2011ലും പതിനാറിലും പി ശ്രീരാമകൃഷ്ണനാണ് പാർട്ടി അവസരം നൽകിയത്. ഇത്തവണയും ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പേരും ശ്രീരാമകൃഷ്ണന്റേതായിരിന്നു. എന്നാൽ സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണനെ വെട്ടുകയായിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ കമ്മിറ്റി അംഗം , ടി.എം. സിദ്ദീഖിനെ പരിഗണിക്കണമെന്നാണ് അണികളുടെ ആവശ്യം.
ടി.എം സിദീഖിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടു ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷ
പ്പെട്ടിരുന്നു. ഇമ്പിച്ചി ബാവയ്ക്ക് ശേഷം, മണ്ഡലത്തിൽ തദ്ദേശീയനായ ഒരാളും പരിഗണിക്കപ്പെട്ടില്ല എന്നതും ആവശ്യത്തിന് ശക്തി പകരുന്നു. ടിഎം സിദ്ധിഖ് അനുഭാവികളായ 50ഓളം പേർ ഇതേ ആവശ്യം ഉന്നയിച്ചു ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടെങ്കിലും ഇവരെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.നിലവിൽ സംസ്ഥാന സമിതി പരിഗണിക്കുന്ന നന്ദകുമാറിനെ വേണ്ടെന്നാണ് മണ്ഡലത്തിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ നിലപാട്. ടിഎം സിദ്ദീഖിനായി സമൂഹമാധ്യമങ്ങളിലും ക്യാമ്പയിൻ സജീവമാണ്.