‘തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു, എത്രയും വേഗം ടാങ്ക് നിറച്ചോളൂ’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 5, 2022

 

ന്യൂഡല്‍ഹി: എത്രയും വേഗം വാഹനങ്ങളുടെ ടാങ്ക് നിറച്ചോളൂ എന്ന് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ പോകുന്ന പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

‘പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും. മാര്‍ച്ച് പത്തിനാണ് ഫലം പുറത്ത് വരിക. യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയർന്നപ്പോഴും ഇന്ത്യയില്‍ വില വർധിച്ചിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.