തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗനിർദേശങ്ങള്‍ അപര്യാപ്തം, പുനഃപരിശോധിക്കണം : വിമർശനവുമായി കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Saturday, August 22, 2020

K.C-Venugopal-1

ന്യൂഡല്‍ഹി : കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ച മാർഗ നിർദേശത്തിനെതിരെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കോണ്‍ഗ്രസ് ഉൾപ്പെടെ നൽകിയ നിർദേശങ്ങൾ കൃത്യമായി പരിഗണിച്ചില്ല. ഭയം അകറ്റാൻ കഴിയാത്ത മാർഗനിർദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും കെ.സി വേണുഗോപാൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യത്തിൽ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ്, ഉപ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങള്‍ക്കെതിരെയാണ് കെ.സി വേണുഗോപാല്‍ എം.പി വിമർശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ മുന്നോട്ടുവെച്ച മാർഗനിർദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പാടെ അവഗണിച്ചു. നിലവിലെ മാർഗനിർദേശങ്ങള്‍ അപര്യാപ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്രവും പക്ഷപാതപരമല്ലാത്തതുമായ രീതിയിലാകണം തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ബി.ജെ.പിക്ക് നേട്ടമുണ്ടാകുന്ന രീതിയാലാകരുത് തെരഞ്ഞെടുപ്പ്.

കൊവിഡ് സമയത്ത് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടും. ഈ സാഹചര്യത്തില്‍ ബാലറ്റ് പേപ്പർ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വി.വി പാറ്റും ശുചിത്വവത്ക്കരിക്കും എന്ന നിലപാട് പ്രായോഗികമല്ല. ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്തമായ സമീപനം എന്നത് ശരിയല്ല. നിലവിലെ മാർഗനിർദേശങ്ങള്‍ ലംഘിച്ചാല്‍ 2005 ലെ ദുരന്തനിവാരണ നിയമം, ഐ.പി.സി എന്നിവ ഉപയോഗിച്ച് കേസെടുക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

അതേസമയം ഭരണപക്ഷം ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ മാർഗനിർദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കണമെന്നും വിഷയത്തില്‍ രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടമകളില്‍ വീഴ്ച വരുത്തിയാല്‍ ജനാധിപത്യത്തിന്‍റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കുമെന്നും കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.