വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ; ആവേശത്തില്‍ മുന്നണികള്‍

Sunday, April 4, 2021

 

തിരുവനന്തപുരം : വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരുമാസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബൈക്ക് റാലിക്ക് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ വൈകിട്ട് 7 മാണി വരെയാണ് പരസ്യപ്രചരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചരണം മുന്നണികള്‍ തമ്മില്‍ ശക്തമായ മല്‍സരത്തിനാണ് കേരളത്തില്‍ കളമൊരുക്കിയിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്ന് യുഡിഎഫിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി വയനാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം മാനന്തവാടി മണ്ഡലത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.

തുടര്‍ന്ന് കല്‍പറ്റ ജീവന്‍ ജ്യോതി ഓര്‍ഫണേജിലെ ഈസ്റ്റര്‍ ലഞ്ചിന് ശേഷം കോഴിക്കോട് നോര്‍ത്തിലെയും സൗത്തിലെയും സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം റോഡ് ഷോയിലും പങ്കെടുക്കും. വൈകിട്ട് നാലരയോടെ കോഴിക്കോട് നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം പൂജപ്പുരയിലെത്തി പൊതുസമ്മേളനത്തില്‍ സംസാരിക്കും. എട്ട് മണിയോടെ തിരിച്ച് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.