സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്

Saturday, April 13, 2019

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇതോടെ പെരുമാറ്റചട്ടലംഘന നിരീക്ഷണവും ശക്തമായി. എല്ലാ ജില്ലകളിലും വളരെ ശക്തമായി തന്നെയാണ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നത്. എറണാകുളം ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 54,233 പ്രചാരണ സാമഗ്രികള്‍ നിരീക്ഷണ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. എ.ഡി.എം.കെ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 56 ടീമുകള്‍ ജോലിക്കായുണ്ട്. അവധി ദിവസങ്ങളിലും നിരീക്ഷണം ശക്തമാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തോടൊപ്പം ഹരിത പെരുമാറ്റ ചട്ടവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. പ്രകൃതിക്കു ദോഷമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഫ്‌ളക്‌സുകള്‍ കണ്ടാല്‍ ഉടന്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നടപടികളെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. പ്രചാരണ വാഹനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളും നിരീക്ഷണത്തിന്റെ ഭാഗമാണ്.

ഇതുവരെ പൊതു സ്ഥലങ്ങളിലെ അനധികൃതമായ 220 ചുമരെഴുത്തുകള്‍, 50,666 പോസ്റ്ററുകള്‍, 3,108 ബാനറുകള്‍ 2,546 കൊടി തോരണങ്ങള്‍ എന്നിവ സംഘം പിടിച്ചെടുത്ത് നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു.