‘മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആർഭാടം ഒഴിവാക്കിയ മാമ്മോദീസ’; സിപിഐ നേതൃത്വത്തെ പരിഹസിച്ച് എല്‍ദോ ഏബ്രഹാം

Jaihind Webdesk
Thursday, September 16, 2021

ആഢംബര വിവാഹം നടത്തിയതാണ് മൂവാറ്റുപുഴയിലെ തോല്‍വിക്ക് കാരണമെന്ന സിപിഐ ജില്ലാ കൗണ്‍സിലിന്‍റെ അവലോകന റിപ്പോര്‍ട്ടിനെതിരെ പരോക്ഷ പരിഹാസവുമായിഎല്‍ദോ ഏബ്രഹാം. മകളുടെ മാമ്മോദീസ ചടങ്ങിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എല്‍ദോയുടെ പരിഹാസം.

‘മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദീസ’ എന്നു തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.

ദാരിദ്ര്യം പറഞ്ഞ് വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ രണ്ടാം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയെന്നായിരുന്നു മൂവാറ്റുപുഴയിലെ തോല്‍വിയെക്കുറിച്ചുള്ള എറണാകുളം ജില്ലാ കൗണ്‍സില്‍ റിപ്പോര്‍ട്ട്.

എല്‍ദോ ഏബ്രഹാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….
ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.
എലൈൻ എന്നാൽ “സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ “
ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ… മാലാഖ…. പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി…..